കേരളം
അരിക്കൊമ്പനെ പിടികൂടുന്നതിൻറെ മോക്ക്ഡ്രിൽ ഇന്ന്; കൊണ്ടു പോകുന്ന സ്ഥലം രഹസ്യം
അരിക്കൊമ്പനെ പിടികൂടുന്നതിൻറെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രിൽ ഇന്ന്. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രിൽ നടത്തുക. ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഞ്ച് അംഗ സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇത്തവണ അതീവ രഹസ്യമായി ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.
മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയിൽ കയറ്റും. ഇടക്കിടെ ശരീരത്തിൽ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാൽ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്. വാഹനത്തിൽ കയറ്റുന്നത് വരെ എത്തിക്കേണ്ട സ്ഥലം ഉന്നത ഉദ്യോഗസ്ഥർ രഹസ്യമാക്കി വെക്കും. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി ഇന്നലെ വൈകിട്ട് കൈമാറിയത്.