Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി


പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 64 വര്‍ഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പോക്‌സോ പ്രകാരം 60 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.
കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെപി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുന്‍ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയാണ് 2019 മുതല്‍ 2021 വരെ പീഡനത്തിനിരയായത്.
2019ലെ പോക്‌സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നല്‍കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാല്‍, സ്ഥിരം മദ്യപാനിയായ ഇയാള്‍ അടുത്തിടെ സ്വയം ഡീഅഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സക്ക് പോയിരുന്നെന്നും പുനര്‍വിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.
പെണ്‍കുട്ടിക്കും മാതാവിനും ജീവഭയമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്ത് കോടതിയെ ബോധിപ്പിച്ചതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വെച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. 2022 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.