Connect with us

Kerala

ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കി പ്രതിരോധമന്ത്രാലയം

Published

on

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. പരിസ്ഥിതിയനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ.

2008-ലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയപ്രകാരം 2020 ജൂണിലാണ് സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ കെ.എസ്.ഐ.ഡി.സി. വിമാനത്താവളം സ്ഥാപിക്കാന്‍ അപേക്ഷനല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധമന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ച് അപേക്ഷ വ്യോമയാനമന്ത്രാലയം പരിശോധിച്ചു. സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.എസ്.ഐ.ഡി.സി.യോട് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ കെ.എസ്.ഐ.ഡി.സി. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ 22-ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിക്ക് മുന്നില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. ഭൂമിയുടെ ലഭ്യത, ആഘാതപഠനം, ആഭ്യന്തര റിട്ടേണ്‍നിരക്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ കെ.എസ്.ഐ.ഡി.സി. ഇത് നല്‍കി.

നിര്‍ദിഷ്ട വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ഫെബ്രുവരി 16-ന് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതിപ്രദേശത്ത് കെ.എസ്.ഐ.ഡി.സി. പരിസ്ഥിതി ആഘാതം വിലയിരുത്തല്‍പഠനം നടത്തിവരികയാണന്നും മന്ത്രി സിന്ധ്യ അറിയിച്ചു.

Advertisement