കേരളം
കായംകുളത്ത് നാഷണൽ ഹൈവേ യാത്രാക്ലേശം പരിഹരിക്കാൻ ഇടപെടും: മന്ത്രി മുഹമ്മദ് റിയാസ്
കായംകുളത്ത് നാഷണൽ ഹൈവേ യാത്രാക്ലേശം പരിഹരിക്കാൻ ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ കേന്ദ്രമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിക്കും. പെരുമൺ-മൺട്രോ തുരുത്ത് സ്വപ്നപാത ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കൊല്ലം മണ്‍ട്രോ തുരുത്തിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും. അതിനായി സര്‍ക്കാര്‍ അടിയന്തര യോഗം ചേരും. പാലത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി മണ്‍ട്രോ തുരുത്തിലെത്തി. സ്പാനുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കൊല്ലത്തെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്നതു കൂടിയാണ് പുതിയ പാത. മൺട്രോ തുരുത്തുകാരുടെ ദീർഘകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പാലത്തിൽ തന്നെ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇടമുണ്ടാകുന്ന തരത്തിലാണ് രൂപകല്പന.
അഷ്ടമുടിക്കായലിന് നടുവില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നാണ് മണ്‍ട്രോ തുരുത്ത്, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവും. വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടേക്കുള്ള യാത്രമാര്‍ഗം ജങ്കാര്‍ മാത്രമായിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാനകാലത്ത് മണ്‍ട്രോതുരുത്തിലേക്ക് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി കിഫ്ബിയില്‍ നിന്ന് 60 കോടി രൂപ അനുവദിച്ചിരുന്നു. 408 മീറ്ററില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ 40 ശതമാനത്തോളം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. പാലത്തിന്റെ നിര്‍മ്മണത്തിന് ഗതിവേഗം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായി കൂടിയാണ് മന്ത്രി പ്രദേശം സന്ദര്‍ശിച്ചത്.
അപ്രോച്ച് റോഡ് അടക്കം നിര്‍മ്മിക്കാനായി ഒരേക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നിർമ്മാണം പൂര്‍ത്തിയാകുന്നതോടെ കടത്ത് പൂര്‍ണമായും ഒഴിവാക്കും. പാലം യാഥാര്‍ത്ഥ്യമായാല്‍ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് വേഗത്തിലെത്താന്‍ സാധിക്കുന്ന പാതയായി ഇത് മാറും.
അതേസമയം, കായംകുളം മണ്ഡലത്തിൽ ദേശീയപാതയിലെ കുഴികൾ സൃഷ്ടിക്കുന്ന ഗതാഗത തടസ്സം മാറ്റാൻ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൃഷ്ണപുരം മുതൽ ചേപ്പാട് വരെയാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ദേശീയപാതാ വികസനം നിശ്ചയിച്ചിട്ടുള്ളതിനാൽ റോഡിന്റെ അധികാരം പൂർണമായും നാഷണൽ ഹൈവേ അതോറിറ്റിക്കാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ട്. ഈ മാസം അവസാനം ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ വിഷയം ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.