കേരളം
കെഫോണ്‍ ഉടനെത്തുമെന്ന് മന്ത്രി എം.എം മണി
കേരളത്തിന്റെ അഭിമാന പദ്ധതിയായ കെഫോണ്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേബിളിംഗ് പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കെ ഫോണ്‍ പദ്ധതി തകര്‍ക്കാനുള്ള വലിയ ശ്രമവുമുണ്ട്.
ഇന്റര്‍നെറ്റ് രംഗം കുത്തകയാക്കി വന്‍ലാഭം കൊയ്തു കൊണ്ടിരിക്കുന്ന ചില വന്‍ കമ്പനികളുടെ വിടുപണിയാണ് കെ ഫോണ്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എന്തു വില കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ വളര്‍ച്ചയുമൊക്കെ ലക്ഷ്യം വെക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സൗകര്യം മൗലീകാവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ആ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് കെ ഫോണ്‍. കെഎസ്ഇബിയും ഐ ടി വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐടിഎല്ലും ചേര്‍ന്നാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ വിവരസാങ്കേതികവിദ്യയുടെ ഒരു ഹബാക്കി മാറ്റുക എന്ന വലിയ ലക്ഷ്യമാണ് കെ ഫോണ്‍ പദ്ധതിക്കുള്ളത്.