Connect with us

Kerala

സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങും; മയക്കുമരുന്ന് തടയുക ലക്ഷ്യമെന്ന് മന്ത്രി ചിഞ്ചുറാണി

Published

on

സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. പിടിഎയുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങാനാണ് പദ്ധതി. സ്‌കൂളുകളില്‍ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകള്‍ തുടങ്ങുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു വരികയാണ്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കന്നുകാലികളിലെ ചര്‍മമുഴ രോഗത്തിന്റെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാന്‍ നടപടി തുടങ്ങി. എല്ലാ വീടുകളിലും വാക്‌സിന്‍ നല്‍കാന്‍ സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസുഖം വന്നു മരിച്ച പശുക്കള്‍ക്ക് 30,000 രൂപ വീതം നല്‍കും. കാലിത്തീറ്റയിലെ മായം തടയാന്‍ ബില്‍ കൊണ്ടുവന്നെന്നും എത്രയും വേഗം നിയമം പാസാക്കുന്നതിലേക്ക് പോകുമെന്നും അങ്ങനെ വന്നാല്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Advertisement