Kerala
ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി; അഭിമാനമായി നിദ


ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് 21 വയസുകാരിയായ മലയാളി. ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലു ഘട്ടങ്ങളും തരണം ചെയ്ത് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നിദ അൻജും ചേലാട്ട്. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിലാണ് മത്സരം നടന്നത്.
മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂർ മാത്രം സമയമെടുത്ത് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തു. ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടാൻ സാധിക്കുന്നത്. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്.
കൂടാതെ ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി 3 സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ. യുകെയിലെ ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ വ്യക്തിയാണ് നിദ. റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവർ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അഞ്ജും ചേലാട്ട്.