കേരളം
തീ പിടിച്ച ടെൻ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി ജവാൻ അന്തരിച്ചു
കശ്മീർ അതിർത്തിയിലെ ഡ്യൂട്ടിക്കിടെ മലയാളി ജവാന് ദാരുണാന്ത്യം. അതിർത്തിയിൽ കാവൽ ജോലിയിലായിരുന്ന ബിഎസ്എഫ് ജവാൻ അനീഷ് ജോസഫ് ആണ് തീപിടിച്ച ടെൻ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ്.
കശ്മീർ അതിർത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ടെൻ്റിൽ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെൻ്റിന് തീപിടിക്കുകയും ടെൻ്റിൽ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയുമായിരുന്നുവെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
അനീഷിൻ്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും. അനീഷിൻ്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കഴിഞ്ഞ വർഷം അനീഷ് ജോസഫിൻ്റെ പിതാവ് മരണപ്പെട്ടിരുന്നു. അടിമാലിയിൽ സഹോദരനൊപ്പമുള്ള മാതാവിനെ ബന്ധുക്കൾ കൊച്ചുകാമാക്ഷിയിലേക്ക് കൊണ്ടു വരുന്നുണ്ട്.