കേരളം
30 ലേറെ സ്ത്രീകളെ പറ്റിച്ച കോടികൾ തട്ടിയ മലയാളി മുംബൈയിൽ അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ മലയാളി മുംബൈയിൽ അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ലേറെ സ്ത്രീകളാണ് ഇയാളുടെ ഇരയായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാട്രിമോണി സൈറ്റുകളിൽ നിന്നാണ് പ്രതിയായ പ്രജിത്ത് ഇരകളെ കണ്ടെത്തിയിരുന്നത്.
തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് വമ്പൻ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. പുനർ വിവാഹം ആഗ്രഹിച്ച സ്ത്രീ പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പരിചയപ്പെടുന്നത് മാട്രിമോണി സൈറ്റുകളിലൊന്നിൽ നിന്നായിരുന്നു. സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസിൽ ഒരു ഹോട്ടലുണ്ടായിരുന്നത് വിറ്റെന്നും ഇതിലൂടെ കിട്ടിയ കോടിക്കണക്കിന് രൂപ റിസർവ് ബാങ്കിന്റെ നിയമ കുരുക്കിൽ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. ചില വ്യാജരേഖകൾ ഇതിനായി ചമച്ചു.
പിന്നീട് പല ആവശ്യങ്ങൾ പറഞ്ഞ് 17 ലക്ഷത്തിലേറെ രൂപയാണ് പ്രതി കൈവശപ്പെടുത്തിയത്. പണം തിരികെ കിട്ടാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ താനെ പൊലീസാണ് പ്രജിത്തിനെ തന്ത്രപരമായി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇതേ രീതിയിൽ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്. രണ്ടരക്കോടിയിലേറെ രൂപയാണ് ഇയാൾ തട്ടിയത്.
പ്രജിത്ത് പലരെയും ലൈംഗികമായും ഉപദ്രവിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ ഇരകളുടെ എണ്ണവും ഓരോ ദിവസവും കൂടി വരികയാണ്. പുനർ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. നിലവിൽ പ്രജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.