Uncategorized
സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ വ്യക്തത വരുത്തണം; ബ്ലാസ്റ്റേഴ്സിനോട് ജി.സി.ഡി.എ
കലൂർ സ്റ്റേഡിയം വിവാദത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സുമായി ജിസിഡിഎ പ്രാഥമിക ചർച്ച നടത്തി. സ്റ്റേഡിയത്തിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ബ്ലാസ്റ്റേഴ്സിനോട് ജിസിഡിഎ ആവശ്യപ്പെട്ടു.
കലൂർ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെസിഎ നേരത്തെ ജിസിഡിഎക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിൻറെ പ്രതിനിധികളെ ജിസിഡിഎ വിളിച്ചു വരുത്തി ചർച്ച നടത്തിയത്. സ്റ്റേഡിയത്തിൻറെ കാര്യത്തിൽ എത്രയും വേഗം വ്യക്തത വരുത്തണെമെന്ന് ജി.സി.ഡി.എ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ബ്ലാസ്റ്റേഴ്സ് ഉടമകളേയും കെ.സി.എ ഭാരാവാഹികളെയും ഉൾപ്പെടുത്തി ചർച്ച നടത്താനാണ് ജി.സി.ഡി.എ തീരുമാനം.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുനൽകണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷൻറെ ആവശ്യം ന്യായമാണെന്ന് ജിസിഡിഎ വിലയിരുത്തുന്നു. സ്റ്റേഡിയം 30 വർഷത്തേക്ക് കെ.സി.എക്ക് നൽകിക്കൊണ്ടുള്ള കരാർ നിലനിൽക്കുന്നതിനാൽ കെ.സി.എയുടെ ആവശ്യം തള്ളികളയാൻ ജി.സി.ഡി.എക്ക് കഴിയില്ല. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് ജി.സി.ഡി.എ നടത്തുന്നത്. സമവായ ചർച്ച ഫലം കണ്ടില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കെ.സി.എയുടെ തീരുമാനം.
കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടും മത്സരങ്ങൾ സംഘടിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് കെസിഎ കലൂർ സ്റ്റേഡിയം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടത്. സ്റ്റേഡിയം ഉപയോഗിക്കാൻ 30 വർഷത്തെ വാടകക്കാരാർ നിലനിൽക്കുന്നുണ്ട്. കോടികൾ മുടക്കി കെസിഎ സ്റ്റേഡിയം നവീകരിച്ചിട്ടുണ്ട്. ഈ കരാർ വ്യവസ്ഥകൾ പാലിക്കണം. ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന് ക്രമീകരണം ഒരുക്കാനായി സ്റ്റേഡിയം പരമാവധി വേഗത്തിൽ വിട്ടുനൽകണമെന്നുമാണ് കെസിഎയുടെ ആവശ്യം.