കേരളം
മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാവും ശ്രികോവിൽ തുറക്കുക.
നെയ്യഭിഷേകം നാളെ രാവിലെ 3.30ന് തന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിക്കും. പൂജകൾക്ക് തുടക്കം കുറിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്ര 13ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
ജനുവരി 15 നാണ് മകര വിളക്ക്. 13 ന് വൈകീട്ട് പ്രസാദ ശുദ്ധിക്രിയകളും 14 ന് രാവിലെ ബിംബ ശുദ്ധക്രിയകളും നടക്കും. അതിനിടെ ശബരിമല ദർശനം നടത്താനുള്ള വർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ദിവസം 80,000 പേരെ വരെയാണ് വെർച്വൽ ക്യൂവിലൂടെ കടത്തിവിടുക. ഇനി സ്പോട്ട് ബുക്കിങ് മാത്രമാണ് ബാക്കിയുള്ളത്.