ദേശീയം
മഹാരാഷ്ട്രയില്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നറിയിപ്പുമായി ഉദ്ദവ്
കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന നല്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ക്ഡൗണിനുള്ള പദ്ധതി തയാറാക്കാന്‍ ഉദ്ദവ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി രാജേഷ് തോപെ, ചീഫ് സെക്രട്ടറി സിതാറാം കുന്തെ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉദ്യോഗസ്ഥരും ടാസ്ക് ഫോഴ്സ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. കേസുകള്‍ വര്‍ധിച്ചാല്‍ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും വര്‍ധിക്കാന്‍ ഇടവരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേസുകള്‍ കുത്തനെ വര്‍ധിച്ചാല്‍ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉദ്ദവ് യോഗത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ നിയമങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഭരണകൂടം ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.