ആരോഗ്യം
മത്തങ്ങ വിത്തിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. എന്നാൽ, മത്തങ്ങയുടെ വിത്തും ആരോഗ്യകരവും പോഷകസമ്പന്നവുമാണ്. ഹൃദയത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും വിവിധ ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ.
ഈ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിത്തുകളിലെ മഗ്നീഷ്യം രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ സഹായിക്കുന്നു.
മത്തങ്ങ വിത്തിൽ സെറോടോണിൻ എന്ന ന്യൂറോകെമിക്കൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകളിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് കൂടുതലായി ഉള്ളത്. ഇത് ശരീരത്തിലെ സെറോടോണിൻ ആയി മാറുകയും നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു.
അവശ്യ ഫാറ്റി ആസിഡുകളുടെ സമ്പന്ന ഉറവിടം കൂടിയായ മത്തങ്ങാക്കുരു ശരീരത്തിലെ മോശം കൊളസ്ട്രോൾ നിലയെ കുറയ്ക്കാനും സഹായകമാണ്. മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന അമിനോ ആസിഡായ കുക്കുർബിറ്റാസിൻ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഇവയിൽ വിറ്റാമിൻ സിയും ധാരാളമുണ്ട്.
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് വൻകുടൽ, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസർ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
മത്തങ്ങ വിത്തുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്നും ആർത്രൈറ്റിസ് വേദന കുറയ്ക്കുമെന്നും അറിയപ്പെടുന്നു. സന്ധികളിലെ വേദന ചികിത്സിക്കാൻ മത്തങ്ങ വിത്ത് നല്ലൊരു പ്രതിവിധിയാണ്.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിദ്ധ്യം പ്രതിരോധശേഷി കൂട്ടുകയും ജലദോഷം, പനി, ക്ഷീണം, മറ്റ് അസുഖങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാവുന്ന വൈറൽ അണുബാധകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിൽ മഗ്‌നീഷ്യം ധാരാളമുണ്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.