കേരളം
പാലായിലെ സംഘർഷം; കൗൺസിലർമാർക്ക് താക്കീത് നൽകി എൽഡിഎഫ് സംസ്ഥാന നേതൃത്വം
പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം – സിപിഎം തമ്മിലടിക്ക് പിന്നാലെ കൗൺസിലർമാർക്ക് താക്കീത് നൽകി എൽഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് നീക്കം. തെരഞ്ഞെടുപ്പ് അടുത്ത പരമാവധി പ്രശ്നം ഒഴിവാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിലാണ് ഇന്നലെ തർക്കം ഉണ്ടായത്.
സിപിഎമ്മിന്റെയും കേരളാകോൺഗ്രസിന്റെയും നേതാക്കന്മാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടവും കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലുമാണ് തർക്കം ഉണ്ടായത്.