കേരളം
ലോ കോളജ് ഡയറക്ടർ നാരായണൻ നായർ അന്തരിച്ചു
കേരള ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിട്ടുനല്‍കും. ന്യുവാലസിന്‍റെ വെെസ് ചാന്‍സലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.
സംസ്‌കാരം നാളെ നടക്കും. കേരളത്തിലെ ആദ്യ സ്വാശ്രയ നിയമ കോളജിന്റെ സ്ഥാപകനാണ്. നിയമത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. പാചക വിദഗ്ധ ലക്ഷ്മി നായര്‍ മകളാണ്. ഹെെക്കോടതിയില്‍ അഭിഭാഷകന്‍ ആയ നാഗരാജാണ് മകന്‍.
കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.
സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.