കേരളം
തലസ്ഥാനത്തേക്ക് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി, മാർഗദർശി ആപ്പ് പുറത്തിറക്കി
തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും.
ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കേന്ദ്ര നയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.