കേരളം
കെഎസ്ആർടിസിയുടെ പറക്കും തളികക്കെതിരെ നടപടി
കോതമംഗലത്ത് കെഎസ്ആർടിസിയുടെ ‘പറക്കുംതളിക’ മോഡൽ ബസിനെതിരെ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് മോട്ടാർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.
ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിൻറ് അർടിഒ നിർദേശം നൽകി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യും.
ഇന്ന് രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. പറക്കും തളിക സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്റീന പതാകകളും ബസിന് മുന്നിൽ കെട്ടി.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.