കേരളം
KSRTC ശമ്പള പ്രതിസന്ധി; പരസ്യവിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനവകുപ്പ്, ലൈവിനെതിരെ യൂണിയനുകൾ
കെഎസ്ആര്‍ടിസി ശമ്പളം വൈകുന്നതിൽ ഗതാഗത വകുപ്പ് മന്ത്രിയും സിഎംഡിയും തുടരുന്ന പരസ്യ വിമര്‍ശനത്തിൽ ധനവകുപ്പിന് അതൃപ്തി. ശമ്പളം സമയത്ത് നൽകാനാകാത്തത് ധനവകുപ്പ് വീഴ്ചയെന്ന വിമര്‍ശനത്തിലാണ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ജീവനക്കാർക്ക് എതിരെ കടുത്ത വിമര്‍ശനങ്ങൾ തുടരുന്ന സിഎംഡിയുടെ ഫെസ്ബുക്ക് ലൈവിനെതിരെ യൂണിയനുകൾ സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയിൽ തീരുമാനിച്ച രക്ഷാ പാക്കേജ് അനുസരിച്ച് പ്രതിമാസം കെഎസ്ആര്‍ടിസിക്ക് നൽകേണ്ടത് 50 കോടിയാണ്. പ്രതിസന്ധിയുടെ പേര് പറഞ്ഞ് കഴിഞ്ഞ മാസങ്ങളിൽ ധനവകുപ്പ് അത് 30 കോടിയാക്കി. അത് തന്നെ സമയത്ത് കിട്ടാത്തതാണ് ശമ്പളം വൈകാൻ കാരണമെന്നാണ് വകുപ്പ് മന്ത്രി ആന്റണി രാജു ആവര്‍ത്തിക്കുന്നത്. പ്രഖ്യാപിച്ച സഹായം സമയത്ത് നൽകാത്ത ധനവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് മന്ത്രിയും കെഎസ്ആര്‍ടിസി സിഎംഡിയും നടത്തുന്ന നിരന്തര വിമര്‍ശനത്തിൽ ധനവകുപ്പിന് വലിയ അതൃപ്തിയുണ്ട്.
സ്വന്തം വരുമാനം കഴിഞ്ഞ് ശമ്പളം കൊടുക്കാനുള്ള ഗ്യാപ് ഫണ്ട് നൽകേണ്ട ബാധ്യതയേ ധനവകുപ്പിനുള്ളു എന്നാണ് വിശദീകരണം. കെഎസ്ആര്‍ടിസിയുടെ വരവ് ചെലവു കണക്കുകളെല്ലാം വിശദമായി പരിശോധിച്ചാണ് 30 കോടി നിശ്ചയിച്ചതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാത്രമല്ല ബജറ്റിൽ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച 1000 കോടിയുടെ പ്രതിമാസ വിഹിതം കണക്കാക്കിയാൽ പോലും ശരാശരി 95 കോടിയേ വരു, അത് ശമ്പളത്തിന് മാത്രമല്ല മറ്റ് ചെലവുകളെല്ലാം ചേര്‍ത്താണെന്നും ധനവകുപ്പ് വിശദീകരിക്കുന്നു.
പ്രതിസന്ധിയിൽ യൂണിയൻ നേതാക്കളെ പഴിചാരി സിഎംഡിയുടെ ഫേസ് ബുക്ക് വീഡിയോക്കെതിരെയും എതിര്‍പ്പ് ശക്തമാണ്. സിഐടിയുവും ഐഎൻടിയുസിയും എഐടിയുസിയും സംയുക്തമായി സിഎംഡിക്കെതിരെ നീക്കത്തിനൊരുങ്ങുന്നു.