കേരളം
കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളവും ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും
കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും.
തീരുമാനത്തെ തുടർന്ന് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചു. താൽക്കാലിക ജീവനക്കാർ, സ്വിഫ്‌റ്റ് ജീവനക്കാർ എന്നിവർക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും.ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.
കെഎസ്‌ആർടിസിയുടെ വരുമാനം ഏഴുകോടിയിൽനിന്ന് ഒമ്പതു കോടിയാക്കി വർധിപ്പിക്കാൻ തൊഴിലാളി സംഘടനകൾ മുൻകൈ എടുക്കണമെന്ന എംഡിയുടെ നിർദേശം എല്ലാവരും അംഗീകരിച്ചു. കെഎസ്‌ആർടിഎ (സിഐടിയു), ടിഡിഎഫ്, ബിഎംഎസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. ഇതോടെ പണിമുടക്കിനുള്ള തീരുമാനത്തിൽനിന്ന് പിന്മാറിയതായി സംഘടനാ നേതാക്കൾ അറിയിച്ചു.