കേരളം
നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി
രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.
മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.
എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ന് തീരുമാനമുണ്ടാകും.
അതേസമയം പാൽ, പത്രം, ആംബുലൻസ്, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാതെ സഹകരിക്കാൻ സംയുക്ത സമരസമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.