കേരളം
കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും
ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച K-SWIFT കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പർ ബസുകളാണ് പിന്നാലെ കെഎസ്ആർടിസിക്ക് കൈമാറുന്നത്. വോൾവോ ബി 11ആർ ഷാസി ഉപയോഗിച്ച് നിർമ്മിച്ച ബസുകളാണ് ഇത് .
കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആര്‍ടിസി.കെ-സ്വിഫ്റ്റ് ആണ്
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്. കെഎസ്‌ആർടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള 100 പുതു പുത്തൻ ബസുകൾ പുറത്തിറക്കുന്നത്.
ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെന്റർ നിരക്കിൽ തന്നെ അധികമായി വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ 116 ബസുകളാണ് ഉടൻ കെഎസ്ആർടിസി- സ്വിഫ്റ്റില്‍ എത്തുന്നത്.
അതേസമയം സ്വിഫ്റ്റിനു എതിരായ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 23 ലേക്ക് മാറ്റി. കൂടാതെ കെഎസ്ആർടിസി- സ്വിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനേജ്മെൻ്റ് സ്ഥാപനങ്ങളിൽ പരിശീലനവും നൽകുകയും ചെയ്യുമെന്നും മാനേജ്മെന്റ് അറിയിച്ചു. മുന്‍പ് എംപാനല്‍ ആയി ജോലി നോക്കിയവര്‍ക്കും, ഡ്രൈവര്‍ കണ്ടക്ടര്‍ ലൈസന്‍സുകള്‍ ഉള്ള മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. 45 വയസ്സാണ് പരമാവധി പ്രായം.കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റില്‍ നിന്നും ലഭിക്കുക. താല്‍ക്കാലികമായി നിയമിക്കുന്നവര്‍ക്ക് 8 മണിക്കൂര്‍ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതല്‍ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും. നിയമനങ്ങള്‍ക്കായി സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിക്കും. സെലക്ഷന്‍ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.