കേരളം
അലക്ഷ്യമായി വാഹനം ഓടിച്ചാൽ കെ.എസ്.ആര്‍.ടി.സി ഡ്രൈവമാർ കുടുങ്ങും; നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്
ശ്രദ്ധിച്ച് ബസ് ഓടിക്കാത്ത കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതു വഴി അപകട മരണങ്ങള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മാര്‍ക്കാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയും ലോക്ഡൗണും നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷം 296 അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മൂലം ഉണ്ടായത്. ഇതിലായി ആകെ 52 പേര്‍ മരണപ്പെടുകയും 303 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. സ്വകാര്യ ബസുകള്‍ മൂലം 713 അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിലായി 105 പേര്‍ മരണപ്പെടുകയും 903 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
അതേസമയം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് നടപടിയില്‍ വലിയ അമര്‍ഷമുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്കെതിരേ നടപടിയെടുക്കാന്‍ അറിയിച്ചുകൊണ്ട് മാര്‍ച്ച് 25-ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത് ഒരു വ്യക്തിയുടെ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്.
ഒരു ഇ-മെയില്‍ പരാതി മാത്രം പരിഗണിച്ച് കെ.എസ്.ആര്‍.ടി.സി. പോലുള്ളൊരു സ്ഥാപനത്തിനെതിരേ നടപടിക്കൊരുങ്ങുന്നത് ശരിയല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.