കേരളം
കെഎസ്ആർടിസി പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി ചർച്ച നടത്തും: ഗതാഗത മന്ത്രി
കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിൾ ഡ്യൂട്ടി പാറ്റേൺ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും. യൂണിയനുകളുമായി താൻ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ആന്റണി രാജു പറഞ്ഞു. വിശദമായി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
യൂണിയനുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വഴങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ല. വരുമാനം കൂട്ടുന്നതിന് മാനേജ്മെന്റ് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. യൂണിയനുകളും മാനേജ്മെന്റും സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. യൂണിയനുകളുമായി തുടർ ചർച്ച നടത്തും. ശമ്പളം കൃത്യമായി കൊടുക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിന് വേണ്ടിയാണ് സർക്കാർ ശ്രമം നടത്തുന്നത്. ശമ്പളം കൊടുക്കാൻ ചില പരിമിതികളുണ്ടായിരുന്നു. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് ഇന്നും ചർച്ച നടത്തിയത്. ഓണം എല്ലാവർക്കും ആഘോഷിക്കാൻ പറ്റും. അതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.