കേരളം
കോൺഗ്രസ്സ് വിട്ട് സി. പി.എമ്മിൽ ചേർന്ന് കെ.പി അനിൽകുമാർ
കോൺഗ്രസ് പാർട്ടി വിട്ട കെ പി അനിൽകുമാർ സി പി എമ്മിലേക്ക്. ഉപാധിയില്ലാതെ ആണ് താൻ സി പി എമ്മിലേക്ക് പോകുന്നതെന്നാണ് അനിൽ കുമാറിന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നത് കാണാതിരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സി പി എമ്മിൽ എന്ത് സ്ഥാനമാണ് അനിൽകുമാറിന് ലഭിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല.
അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിൽ കുമാർ കോൺഗ്രസ് വിട്ടത്. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനിൽകുമാർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനിൽകുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല. അതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടുന്നതായി അറിയിച്ചത്.