കേരളം
ഒന്നിക്കാൻ കൂട്ടായി കോവളം പോലീസ്; തടസമായി കായംകുളം പോലീസ്
പ്രണയത്തിനോടുവിൽ ഒന്നിച്ചുള്ള ജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇറങ്ങിത്തിരിച്ച യുവതിക്കും യുവാവിനും വിലങ്ങുതടിയായി കായംകുളം പോലീസ്. ഇരുവരുടെയും വിവാഹം ക്ഷേത്രത്തിൽ വച്ച് നടക്കുന്നതിന് തൊട്ടുമുമ്പ് കായംകുളം പോലീസ് സംഘമെത്തി ബലം പ്രയോഗിച്ച് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. കോവളം പോലീസിന്റെ മദ്ധ്യസ്ഥതയിൽ വച്ച് നടന്ന ചർച്ചയിൽ ഒന്നിക്കാൻ തീരുമാനിച്ച അഖിലിനും അൽഫിയയ്‌ക്കുമാണ് പിന്നീട് കായംകുളം പോലീസിൽ നിന്ന് തടസമുണ്ടായത്.
കായംകുളം സ്വദേശി അൽഫിയയും കോവളം സ്വദേശിയായ അഖിലും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച അഖിലിനൊപ്പം ജീവിക്കാൻ ഉറപ്പിച്ച് അൽഫിയ കോവളത്ത് എത്തിച്ചേർന്നു. തുടർന്ന് കോവളം പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ ചർച്ചയും നടത്തി. അൽഫിയയുടെയും അഖിലിന്റെയും വീട്ടുകാരും കോവളം എസ്‌ഐയും വാർഡ് മെമ്പറുമാണ് മദ്ധ്യസ്ഥതയിൽ പങ്കെടുത്തത്.
ചർച്ചയ്‌ക്കൊടുവിൽ അഖിലിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു അൽഫിയ. യുവതിയുടെ ഇഷ്ടപ്രകാരം കോവളം പോലീസ് അനുവദിക്കുകയും ചെയ്തു. ഒപ്പം ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനും കോവളം പോലീസുമായുള്ള ചർച്ചയിൽ തീരുമാനമായി. കോവളം കെ.എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടത്താനായിരുന്നു തീരുമാനം.
എന്നാൽ താലികെട്ടിനായി ഇരുവരും ക്ഷേത്രത്തിലെത്തിയപ്പോൾ അവിടേക്കെത്തിയ കായംകുളം പോലീസ് അൽഫിയയെ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നാണ് ആരോപണം. നേരെ കോവളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടേക്ക് യുവാവും വീട്ടുകാരും ഉടൻ എത്തിച്ചേരുകയും ചെയ്തു. വീണ്ടും നടന്ന ചർച്ചയിൽ അഖിലിനൊപ്പം പോകണമെന്ന് അൽഫിയ ആവശ്യപ്പെട്ടുവെങ്കിലും കായംകുളം എസ്‌ഐയും സംഘവും യുവതിയെ ബലമായി കൊണ്ടുപോകുകയായിരുന്നു. കായംകുളം പോലീസ് അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
അൽഫിയയെ ബലമായി കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന വിശദീകരണമാണ് കായംകുളം പോലീസ് നൽകുന്നത്.