ദേശീയം
കൊവാക്സിന് 18 സംസ്ഥാനങ്ങളിലേക്ക് നേരിട്ട് വിതരണം തുടങ്ങി; രണ്ടാം പട്ടികയിലും കേരളമില്ല
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ഉൽപ്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി. ആദ്യ ഘട്ടത്തില്‍ 18 സംസ്ഥാനങ്ങള്‍ ഇടം പിടിച്ചെങ്കിലും കേരളം പുറത്ത്.
കേന്ദ്ര സര്‍ക്കാറിന്റെ നയം അനുസരിച്ചാണ് വാക്സിന് വിതരണം ചെയ്യുന്നതെന്ന് ഭാരത് ബയോടെക് വിശദീകരിച്ചു. അതെ സമയം പട്ടികയില്‍ ഇടം പിടിക്കാതെ പോയ സംസ്ഥാനങ്ങള്‍ക്ക് വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് വിതരണം ചെയ്യുമെന്ന് കമ്പനി വിശദീകരിച്ചു.
ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഒഡിഷ, അസം, ജമ്മു കശ്മീര്‍, തമിഴ്നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, ത്രിപുര, ഛത്തീസ്ഗഡ്, കര്‍ണാടക, തെലങ്കാന, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര അറിയിച്ചു.
സ്ഥാപനത്തിലെ 50 ഓളം ജീവനക്കാര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ പ്രതിസന്ധിയിലും വാക്സിന് നിര്‍മാണം പുരോഗമിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു.