കേരളം
‘ഒഎൽഎക്സ് നോക്കി വ്യാജ നമ്പർ പ്ലേറ്റ്,രക്ഷപ്പെടാൻ റൂട്ട് മാപ്പ്’, തട്ടിക്കൊണ്ടുപോകാൻ സിനിമ സ്റ്റൈൽ ആസൂത്രണം
ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത പ്രതി പത്മകുമാറിന്‍റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പൊലീസ് സുരക്ഷയില്‍ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറൻസിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്.
ഇതിനിടെ, തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആസൂത്രണത്തിന്‍റെ നിര്‍ണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഓയൂരില്‍നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം ഇവര്‍ തയ്യാറാക്കി. കൃത്യമായ ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്. വിപുലമായ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കിയത്. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകള്‍ ഉള്‍പ്പെടെ ഇവര്‍ ബ്ലൂ പ്രിന്‍റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്‍റ് ലഭിച്ചത്. സിസിടിവി യുള്ള സ്ഥലങ്ങൾ പോലും ഇതില്‍ അടയാള പ്പെടുത്തിയിരുന്നു.
തങ്ങളെ പിടികൂടാതിരിക്കാന്‍ പഴുതടച്ച രീതിയിലുള്ള വലിയ ആസൂത്രണമാണ് ഇവര്‍ നടത്തിയത്. അതിനാല്‍ തന്നെ ചോദ്യം ചെയ്യലിനിടെ എവിടെനിന്നാണ് തങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പത്മകുമാറും ഭാര്യ അനിതയും പലതവണ അന്വേഷണ സംഘത്തോട് ചോദിച്ചു. ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതികള്‍ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഒഎല്‍എക്സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച് അതില്‍നിന്നുള്ള നമ്പറുകള്‍ നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച് കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ചാത്തന്നൂരിലെ വീട്ടില്‍ വെച്ചാണ് ബ്ലൂ പ്രിന്‍റ് ഉള്‍പ്പെടെ തയ്യാറാക്കിയുള്ള വലിയ രീതിയുള്ള ആസൂത്രണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നിലവില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പൂജപ്പുര ജയിലില്‍നിന്നാണ് പത്മകുമാറിനെ ചാത്തന്നൂരിലെത്തിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നാണ് അനിത കുമാരിയെയും മകള്‍ അനുപമയെയും തെളിവെടുപ്പിനായി എത്തിച്ചത്.