Covid 19
കൊടകര കവർച്ചാ കേസ്; പരാതിയിൽ ഉള്ളതിനേക്കാൾ പണം പിടിച്ചെടുത്തിട്ടുണ്ടെന്ന് റൂറൽ എസ് പി
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാകുന്നു . പണം നഷ്ടപ്പെട്ട ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരാതിയിൽ ഉള്ളതിനേക്കാൾ പണം പിടിച്ചെടുത്തിട്ടുണ്ടെന്നും റൂറൽ എസ് പി വ്യക്തമാക്കി. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.
ധർമ്മരാജനേയും വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് മുൻ യുവമോർച്ചാ നേതാവായ സുനിൽ നായകിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതൊക്കെ തന്നെയും അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് നീളുന്നുവെന്നതിന്റെ സൂചനകളാണ്. അതേസമയം കേസിൽ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിൽ. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കുഴൽപ്പണം തട്ടാൻ നിയോഗിക്കപ്പെട്ട ഗുണ്ടാസംഘത്തെ ഏകോപിപ്പിച്ചയാളാണ് ഒന്നാം പ്രതി മുഹമ്മദ് അലി.
ഇതിനായി സഹായം നൽകിയവരാണ് രഞ്ജിത്തും സുജേഷും. എഡ്വിൻ പിടിച്ചുപറി സംഘത്തിലുണ്ടായിരുന്നയാളാണ്. കുഴൽപ്പണം കടന്നുപോകുന്ന വാഹനത്തിൽ ഉണ്ടായിരുന്ന അബ്ദുൾ റഷീദിനായും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളാണ് പിടിച്ചുപറി സംഘത്തിന് വേണ്ട വിവരങ്ങൾ ചോർത്തി നൽകിയത്.