കേരളം
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നാളെയും സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തിറക്കിയ പുതിയ വാര്‍ത്താക്കുറിപ്പിലാണ് കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ തമിഴ്‌നാട് ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം സ്ഥിതിചെയ്യുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.
അറബിക്കടലിലെ ന്യൂന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതുമൂലം കേരള തീരത്ത് ഭീഷണിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.