Kerala
കനത്ത മഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചു


നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാനത്തെ അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.
മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരങ്ങള്‍ പങ്കിട്ടത്. ആര്‍ക്കറിയാം എന്ന ചിത്രമാണ് ബിജു മേനോനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം നായാട്ട്, മധുരം എന്നീ ചിത്രങ്ങളാണ് ജോജുവിനെ പുരസ്കൃതനാക്കിയത്.
ഭൂതകാലത്തിലെ അഭിനയത്തിന് രേവതിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. നാല് പതിറ്റാണ്ടിന്റെ അഭിനയാനുഭവമുള്ള രേവതിയുടെ ആദ്യ സംസ്ഥാന പുരസ്കാരമായിരുന്നു ഇത്. ‘വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺ മനസ്സിന്‍റെ വിഹ്വലതകളെ അതിസൂഷ്മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിന്, എന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വിശേഷിപ്പിച്ചത്.
കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. മികച്ച സംവിധായകനായി ജോജി ഒരുക്കിയ ദിലീഷ് പോത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതുള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ ജോജിക്ക് ലഭിച്ചിരുന്നു. മികച്ച സ്വഭാവനടി (ഉണ്ണിമായ പ്രസാദ്), അവലംബിത തിരക്കഥ (ശ്യാം പുഷ്കരന്‍), പശ്ചാത്തല സംഗീതം (ജസ്റ്റിന്‍ വര്‍ഗീസ്) എന്നിവയായിരുന്നു അവ.