Covid 19
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് (32), (40) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിയേറ്ററുകളിൽ രാത്രികാല പ്രദർശനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ രാത്രികാല പ്രദർശനം നടത്താൻ അനുമതി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
സംസ്ഥാനത്ത് 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.