കേരളം
നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ഷട്ടര്‍ ഉയര്‍ത്തുന്നത് നാളെ രാവിലെ ആറിന്
നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്റര്‍ ഉയര്‍ത്തും. നിലവില്‍ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. നാളെ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ഇത് 400 സെന്റീമീറ്റര്‍ ആകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപ വാസികള്‍ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ഡാമുകളായ പേപ്പാറയും അരുവിക്കരയും ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും ദിനങ്ങളില്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.
കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ്. കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകള്‍ കൊണ്ട് തന്നെ വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം പുറപ്പെടുച്ചിട്ടുണ്ട്.
ജി.എസ്. ഐ യുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളില്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിര്‍ബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദിക്കരയോട് ചേര്‍ന്ന് അപകടകരമായ അവസ്ഥയില്‍ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിര്‍ദേശിച്ചു.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.