കേരളം
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ കേരള പൊലീസിന്‍റെ പുതിയ അന്വേഷണ വിഭാഗം
അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 5600 എണ്ണമാണ്. ഭൂരിഭാഗവും തെളിയിക്കപ്പെടാതെ പോയി എന്നാണ് പൊലീസിന്‍റെ പക്കലുള്ള കണക്ക്. സൈബര്‍ സെല്ലോ ക്രൈംബ്രാഞ്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിച്ച് ഒരു തുമ്പും ഇല്ലാതെ തെളിയിക്കപ്പെടാതെ പോയ കേസുകകള്‍ ഒട്ടനവധിയാണ്.
ഇത്തരം കേസുകള്‍ അന്വേഷിക്കാനായി കേരള പൊലീസില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടുത്ത ബുധനാഴ്ച യാഥാര്‍ത്ഥ്യമാവുകയാണ്. പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ ഉദ്ഘാടനം വരുന്ന ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് മുൻ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. 226 തസ്തികകള്‍ ഈ വിഭാഗത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഹെഡ്‌ക്വാർട്ടേഴ്‌സ് എഡിജിപിയുടെ നേതൃത്വത്തിലും നോർത്ത്, സൗത്ത് മേഖലകളിൽ ഡിഐജിമാരുടെ നേതൃത്വത്തിലും നാല് റേഞ്ചിൽ എസ്‌പിമാരുടെ നേതൃത്വത്തിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണ വിഭാഗത്തെ നിയന്ത്രിക്കും.