Connect with us

Kerala

ഡ്രൈവർ മദ്യപിച്ചാലും അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യത; ഹൈക്കോടതി

Published

on

വാഹനമോടിക്കുന്ന ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ ഇരയാകുന്ന മൂന്നാം കക്ഷിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഇൻഷുറൻസ് കമ്പനിക്ക് ഉണ്ടെന്ന് ഹൈക്കോടതി. ഇൻഷുറൻസ് ഉടമയുടേയും ഡ്രൈവറുടേയും പക്കൽ നിന്നും കമ്പനിക്ക് ഈ തുക തിരച്ചു പിടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. 2013 ഡിസംബർ 13ന് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഹർജിക്കാരന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മഞ്ചേരി ട്രൈബ്യൂണൽ 2.4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതു കുറവാണെന്നു പരാതിപ്പെട്ടാണു ഹർജി. കാർ ‍ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു നാഷനൽ ഇൻഷുറൻസ് കമ്പനിയുടെ വാദം.

എന്നാൽ ലഹരിയുടെ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്ന് പോളിസി സർട്ടിഫിക്കറ്റിൽ പറഞ്ഞാലും അപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള കമ്പനിയുടെ ബാധ്യത ഒഴിവാകുന്നില്ലെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതിയുടെയും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെയും മുൻകാല വിധിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിയുടെ വിധി. ഹർജി നൽകിയ തീയതി മുതൽ 7% പലിശ സഹിതം നഷ്ടപരിഹാര തുക കമ്പനി രണ്ട് മാസത്തിനകം നൽകണം. ട്രൈബ്യൂണൽ നിശ്ചയിച്ച നഷ്ടപരിഹാര തുകയിൽ 39,000 രൂപയുടെ വർധനയും കോടതി അനുവദിച്ചു.

Advertisement
Continue Reading