കേരളം
ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ നിയമപ്രശ്നം; സര്‍ക്കാരിന് നിയമോപദേശം
ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ ശേഷം അതേ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ചട്ടവിരുദ്ധമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയും ബില്ലായപ്പോള്‍ അംഗീകാരം നിഷേധിക്കുകയുമായിരുന്നു. ഇത് തെറ്റായ നടപടിയാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിനെ അറിയിച്ചു. ഫാലി എസ്.നരിമാന്‍, കെ.കെ.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള നിയമ വിദഗ്ധരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്.
ഒരു നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആയി വരുമ്പോള്‍ അതിന് അംഗീകാരം നല്‍കുക, നിയമസഭ പാസാക്കിയ ബില്ലായി മുന്നിലെത്തുമ്പോള്‍ തടഞ്ഞുവെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുക എന്ന ഗവര്‍ണരുടെ രീതി തെറ്റാണെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ബില്ലുകള്‍ പിടിച്ചവെക്കുക , അംഗീകാരം നിഷേധിക്കുക എന്ന ഗവര്‍ണരുടെ രീതി അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണരുടെ ചെയ്തികള്‍ സുപ്രീം കോടതിയെ വീണ്ടും അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ആയപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളുടെ അപലേറ്റ് അതോറിറ്റി ഗവര്‍ണരായിരുന്നു. ബില്ലായപ്പോള്‍ ഗവര്‍ണറെ ഒഴിവാക്കി ആ അധികാരം നിയമസഭയ്ക്കു നല്‍കി. ഇതാണ് അംഗീകാരം നിഷേധിക്കാന്‍ കാരണമെന്നാണ് രാജ്ഭവന്‍റെ വിശദീകരണം. മുഖ്യമന്ത്രി സഭാനേതാവായിരിക്കെ എങ്ങനെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി നിയമസഭക്ക് പരിഗണിക്കാനാവും എന്നതാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്ന ചോദ്യം.