കേരളം
CPM മാതൃക പിന്തുടരാൻ കേരള കോൺഗ്രസും, വരുത്തുന്നത് അടിമുടി മാറ്റം
ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെ പാർട്ടി സംവിധാനത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ്. CPM -CPI മാതൃകയിൽ കേഡർസംവിധാനത്തിലേക്ക് മാറാനാണ് പാർട്ടിയുടെ ആലോചന. അംഗങ്ങളിൽ നിന്ന് ലെവി അടക്കം പിരിക്കുന്നതിനുളള നടപടികൾക്ക് അടുത്ത് സറ്റിയറിംഗ് കമ്മിറ്റി യോഗത്തോടെ തീരുമാനമാകുമെന്ന് ജോസ് കെ മാണി പറഞ്ഞു.
ഇടത് പ്രവേശനത്തിന് ശേഷം മികച്ച മുന്നേറ്റമാണ് കേരള കോണ്‍ഗ്രസ് എം നടത്തിയത്. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സമാനമായ രീതിയിൽ പാർട്ടിയുടെ ഭരണഘടന പൊളിച്ചെഴുത്താൻ കേരള കോൺഗ്രസ് എം തയ്യാറാകുന്നത്. മെമ്പർഷിപ് ക്യാമ്പയിൻ അടക്കം സംഘടിപ്പിച്ച് കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ കൊണ്ട് വരാനാണ് തീരുമാനം.
പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനായിസാധാരണ അംഗത്വം, സജീവ അംഗത്വം എന്നിങ്ങനെ അംഗത്വത്തെ വേർതിരിക്കും. ഇതിന് പുറമെ പാർട്ടിയുടെ സ്ഥാനം ലഭിച്ചവരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലെവി അടക്കം പിരിക്കാൻ പാർലമെന്‍ററി പാർട്ടി അംഗീകാരം നൽകി. അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി