കേരളം
കരിക്കകം പൊങ്കാല നാളെ; ഗതാഗത നിയന്ത്രണം
കരിക്കകം ശ്രീ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നാളെ. പൊങ്കാലയോടനുബന്ധിച്ച് നാളെ രാവിലെ അഞ്ചുമുതൽ വൈകിട്ട് അഞ്ചുവരെ കഴക്കൂട്ടം- കോവളം ബൈപ്പാസിലും സർവീസ് റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ കോവളം ഈഞ്ചയ്‌ക്കൽ ഭാഗങ്ങളിൽനിന്നും ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ലോർഡ്സ് ജംഗ്ഷനിൽ ഭക്തജനങ്ങളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ സെയിന്റ്സ് ജംഗ്ഷനിൽ ഭക്തരെ ഇറക്കിയ ശേഷം ശംഖുംമുഖം പാർക്കിംഗ് ഗ്രൗണ്ടിലും എത്തണം.
കരിക്കകം ക്ഷേത്രത്തിന് സമീപത്തുള്ള സർവീസ് റോഡുകളിൽ ടിപ്പർ ലോറികൾ, കണ്ടെയ്‌നർ ലോറികൾ തുടങ്ങിയ ഹെവി വാഹനങ്ങൾ പ്രവേശിക്കാനോ പാർക്ക് ചെയ്യാനോ പാടിള്ളതല്ല. ഗതാഗത തടസമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 9497930055, 0471- 2558724, 9497990005, 9497990006 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.
അതേസമയം പൊങ്കാലയ്‌ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായരും പ്രസിഡന്റ് എം.വിക്രമൻ നായരും അറിയിച്ചു. നളെ ഭക്തർ പൂർണമായും ഹരിത ചട്ടം പാലിക്കണം. നാളെ രാവിലെ മുതൽ ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ട്. തിരിച്ചു പോകുന്നതിന് ബൈപാസിൽ ഇരുവശങ്ങളിലായി ബസുകൾ ക്രമീകരിക്കും.