കേരളം
മുഖ്യമന്ത്രിയോട് അതുപോലെ മറുപടി പറയാൻ സമയമില്ല; പ്രതികരണവുമായി കെ സുധാകരൻ
മുഖ്യമന്ത്രിക്ക് അതുപോലെ മറുപടി പറയാൻ സമയമില്ലെന്ന് കെ.പി.സി. സി പ്രസിഡന്റ് കെ.സുധാകരൻ. പിആർ ഏജൻസിയുടെ പുറത്ത് വന്ന യഥാർത്ഥ വിജയനെയാണ് ഇന്നലെ കണ്ടതെന്ന് കെ സുധാകരൻ വിമർശനം ഉന്നയിച്ചു. ബ്രണ്ണൻ കോളേജ് കാലത്തെ പോരാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചർച്ചാ വിഷയം. കെ സുധാകരൻ തുടങ്ങി വെച്ച പോര് ഇപ്പോൾ കെ സുധാകരനിൽ തന്നെ എത്തി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിനൊടുവിലാണ് കെ സുധാകരൻ മറുപടിയുമായി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിന് അതുപോലെ മറുപടി പറയാൻ സമയമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം എന്ന നിലയ്ക്കാണ് ജനങ്ങൾ നോക്കിക്കണ്ടത്. അറിയാത്ത ആളുകൾക്ക് തെറ്റിപ്പോകും ഇത് മുഖ്യമന്ത്രി ആയിരുന്നോ എന്നും അദ്ദേഹം പറഞ്ഞു. പിആർ ഏജൻസിയുടെ പുറത്ത് വന്ന യഥാർത്ഥ വിജയനെയാണ് ഇന്നെ കണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Also read: സുധാകരന്‍ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു;ആരോപണവുമായി മുഖ്യമന്ത്രി
പിണറായി വിജയനെ ബ്രണ്ണൻ കോളേജ് പഠന കാലത്ത് മർദ്ദിച്ചെന്ന കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പിന് മുകളിൽ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലേഖകൻ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പിആർ ഏജൻസിയുടെ കൂട്ടിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്റേതാണെന്നും സുധാകരൻ പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങൾ സുധാകരൻ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാൻ കഴിയില്ല. അഭിമുഖത്തിൽ വന്നതെല്ലാം ഞാൻ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നൽകിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കറൻസി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വർഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്പോൾ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു. മണൽ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കൈയ്യിൽ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോർട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാൻ ആണോ മാഫിയ എന്ന് ജനം പറയട്ടെ.
മുൻ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ സുധാകരനെ കടന്നാക്രമിച്ചത്. സുധാകരൻറെ സമീപകാല വിമർശനങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ദീർഘ മറുപടി. അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരൻ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണൻ ആരോപിച്ചിട്ടുണ്ടെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരൻ വാർത്താ സമ്മേളനം വിളിച്ചത്.