കേരളം
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം; നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണെന്ന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷ്യൽ അന്വേഷണം പ്രഹസനമാണെന്ന് യുഡിഎഫും ഫെഡറിലസത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് ബിജെപിയും ഇന്നും ആരോപണമുയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേ സമയം കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ശരിയാണോ എന്ന് കോടതി തീരുമാനിക്കട്ടേയെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.
കേന്ദ്ര ഏജൻസികൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കാനാവില്ലെന്ന് പറഞ്ഞ ഐസക്ക്, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളക്കേസെടുക്കുന്നത് ക്രമസമാധാന പ്രശ്നമാണെന്നും ജനങ്ങൾ ഇതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയാൽ എന്തു ചെയ്യുമെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് മേൽ വിവിധ കേന്ദ്ര ഏജൻസികൾ പിടിമുറുക്കുമ്പോഴാണ് സംസ്ഥാനസർക്കാറിൻറെ അപ്രതീക്ഷിത ജുഡീഷ്യൽ അന്വേഷണം.
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയിൽ നിയമവൃത്തങ്ങൾക്കിടയിൽ രണ്ടഭിപ്രായം നിലനിൽക്കെ സർക്കാർ ഉറച്ച് തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലയിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. സ്വർണ്ണക്കടത്ത് കേസുകളിലടക്കം പല നിർണ്ണായകവിവിരങ്ങളും ഇനിയും പുറത്ത് വരാനിരിക്കെ എല്ലാം സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിൻരെ ഭാഗമെന്ന് പറഞ്ഞ് വെക്കുകയാണ് ഉദ്ദേശം.
ഒപ്പം ബിജെപിയെ ഏറ്റവും ശക്തമായി നേരിടുന്നത് സിപിഎമ്മാണെന്ന സന്ദേശവും അസാധാരണ നീക്കങ്ങൾ വഴി നൽകാൻ ശ്രമിക്കുന്നു. എന്നാൽ ജൂഡീഷ്യൽ അന്വേഷണം തട്ടിപ്പാണെന്നും എല്ലാം സിപിഎം-ബിജെപി ഒത്തുകളിയാണെന്നും ആവർത്തിച്ചാണ് യുഡിഎഫ് മറുപടി.