കേരളം
ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ
ജെസ്ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ കോടതിയിൽ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
അതേസമയം, കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും ജെസ്നയുടെ അച്ഛൻ ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. കേസ് 23 ലേക്ക് മാറ്റി. 2018 മാർച്ച് മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിനിയായ ജെസ്‌നയെ കാണാതാകുന്നത്.
ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല.