കേരളം
എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം. ഫാത്തിമ ഇവി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക.
ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ഇന്ത്യൻ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അധികാരസിരാ കേന്ദ്രമായ ഡൽഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ദൽഹിഗാഥകൾ.
ഇന്ത്യയിൽ സാഹിത്യ രചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെസിബി സാഹിത്യ പുരസ്‌കാരം ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്.