കേരളം
ഐഎസ്ആര്‍ഒ ചാരകേസ്: ജസ്റ്റിസ് ജയിന് സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഐഎസ്ആര്‍ഒ ചാരകേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിച്ച ജസ്റ്റിസ് ഡികെ ജയിന് അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2018 സെപ്റ്റംബറിലാണ് ഐഎസ്ആര്‍ഒ ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡികെ ജയിന് അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബികെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.
2020 ഡിസംബര്‍ 14, 15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഐഎസ്ആര്‍ഒ ചാര കേസ് പരാമര്‍ശിച്ചിരുന്നു.