കേരളം
കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കാതെ മലയാളികളായ ഐ.ഒ.ബി ജീവനക്കാര്‍
ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ മലയാളി ജീവനക്കാര്‍ക്ക് സ്വന്തം സംസ്ഥാനത്തേക്കു സ്ഥലംമാറ്റം നല്‍കാതെ മാനേജ്മെന്റ് പീഡിപ്പിക്കുന്നതായി പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും എട്ടും അതിലധികവും വര്‍ഷങ്ങളായി ജോലിചെയ്യുന്ന ഓഫിസര്‍മാരാണ് മാനേജ്മെന്റിെന്റ പിടിവാശിക്കു മുന്നില്‍ ബലിയാടാകുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 250ലധികം ഓഫിസര്‍മാരില്‍ മിക്കവരുടെയും കുടുംബങ്ങള്‍ നാട്ടിലാണ്.
ഇവരില്‍ പലരുടെയും ഭാര്യമാര്‍ നാട്ടില്‍ ജോലിയുള്ളവരായതിനാല്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്. തമിഴ്നാട്ടിലാണ് കൂടുതല്‍ മലയാളി ജീവനക്കാരുള്ളത്.2013നുശേഷമാണ് ഐ.ഒ.ബി ജീവനക്കാരുടെ സ്ഥലംമാറ്റം നിര്‍ത്തലാക്കിയത്. പുതിയ ജീവനക്കാരെ എടുക്കുന്നില്ല, ബാങ്കിന് ബിസിനസ് കുറവാണ് തുടങ്ങിയ ന്യായങ്ങളാണ് മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്. ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ബാങ്കിന് വ്യക്തമായ ഒരു നയം ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
യൂണിയനാണെങ്കില്‍ ജീവനക്കാരുടെ ആവശ്യം ചെവിക്കൊള്ളുന്നുമില്ല. എന്നാല്‍, യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് സ്വന്തക്കാര്‍ക്ക് സ്ഥലംമാറ്റം സംഘടിപ്പിച്ചുകൊടുക്കുന്നുമുണ്ട്. കേരളത്തിലെ ബാങ്കുകളില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നിര്‍ബന്ധമാണ്. ഇതൊന്നും പേക്ഷ ഇതര സംസ്ഥാനങ്ങളില്‍ നടപ്പാകുന്നില്ല. ജീവനക്കാര്‍ക്ക് അര്‍ഹമായ ലീവും മാനേജ്മെന്റ് നിഷേധിക്കുന്നതായി ആരോപണമുണ്ട്.
മാനേജ്മെന്റിന്റെ പ്രതികാരനടപടികള്‍ ഭയന്ന് ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് ഇവര്‍. യൂനിയന്‍ പിന്തുണയില്ലാത്തതും ഇവരെ പ്രയാസപ്പെടുത്തുന്നു. ഓള് ഇന്ത്യ ബാങ്കേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയില്‍ അംഗമാണ് ഐ.ഒ.ബി ഓഫിസേഴ്സ് അസോസിയേഷന്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളായ ഓഫിസര്‍മാരോട് യൂനിയന്‍ ഭാരവാഹികള്‍ ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നാണ് ആരോപണം.