കേരളം
തീയറ്ററുകള്‍ തുറന്നാല്‍ പ്രശ്നമാകും; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത്. നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് പറഞ്ഞു.തീയേറ്ററുകള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളില്‍ മാത്രമേ പ്രദര്‍ശനം അനുവദിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്കുന്നതില് അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
ഇത് സംബന്ധിച്ച് എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും സഖറിയാസ് പറഞ്ഞു.അതേസമയം, തീയറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ഒരു വിഭാഗം തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്സിന് എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സെക്കന്‍ഡ് ഷോയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും, തീയറ്റര്‍ തുറക്കല്‍ അതിന് ശേഷം മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.