Connect with us

National

വോയ്‌സ് നോട്ടുകളിലൂടെ സര്‍ക്കാര്‍ പദ്ധതികള്‍ ഇനി വേഗത്തിൽ അറിയാം; ചാറ്റ് ജിപിടി പ്രയോജനപ്പെടുത്താന്‍ കേന്ദ്രവും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയെക്കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞ് കാണും. ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്തി ഏങ്ങനെ കര്‍ഷകരെ സഹായിക്കാം എന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴില്‍ ഒരു ചെറിയ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഭാഷിണി എന്ന പേരിലുള്ള ഈ സംഘം വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പരീക്ഷിച്ച് വരികയാണ്.

വോയ്‌സ് നോട്ടുകള്‍ വഴി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും ഉത്തരം നല്‍കുന്ന തരത്തില്‍ വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്മാര്‍ട്ട്‌ഫോണില്‍ ടൈപ്പ് ചെയ്യാന്‍ അറിയാത്ത കര്‍ഷകര്‍ക്ക് വോയ്‌സ് നോട്ടുകളിലൂടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

നിലവില്‍ ഇംഗ്ലീഷ് അടക്കം പന്ത്രണ്ട് ഭാഷകളെ വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ ഭാഷകളെ ഉള്‍പ്പെടുത്തി ഇതിന്റെ സാധ്യത മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും അണിയറയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Advertisement
Continue Reading