National
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്


ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് സംഭവം.
പ്രാഥമിക വിവരം അനുസരിച്ച് പന്തിനെ ആദ്യം പ്രവേശിപ്പിച്ചത് റൂർക്കിയിലെ സക്ഷം ആശുപത്രിയിലാണ്. ഇപ്പോൾ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
പന്ത് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് പന്ത് പുറത്ത് കടന്നത്.
താരത്തിന്റെ തലയ്ക്കും കാലിനും ഗുരുതര പരുക്കുള്ളതായാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. പുറത്ത് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഫെബ്രുവരിയില്‍ നടക്കാനിരിക്കെ ശാരീരിക ക്ഷമത കൂടുതല്‍ ശക്തപ്പെടുത്തുന്നതിനായി പന്തിന് ഇടവേള നല്‍കിയിരിക്കുകയായിരുന്നു. അതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.