ദേശീയം
രാജ്യത്ത് 36,571 പുതിയ കൊവിഡ് രോഗികൾ; 540 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,23,58,829 ആയി. 540 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,33,589 ആയി. 3,63,605 കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 5 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം പതിനായിരത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.
ഇരുപത്തിനാല് മണിക്കൂറിനിടെ ലോകത്ത് 5.29 ലക്ഷം പേർ രോഗമുക്തി നേടി.നിലവിൽ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എൺപത്തിരണ്ട് ലക്ഷമായി ഉയർന്നു. 6.43 ലക്ഷം പേർ മരിച്ചു.