കേരളം
കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോൺ’; കസ്റ്റംസിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്
സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്.
കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോൺ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്ന് വിനോദിനിക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നു. സ്റ്റാച്യുവിലെ കടയിൽ നിന്നാണ് സന്തോഷ് ഈപ്പൻ ഐഫോൺ വാങ്ങി സ്വപ്നക്ക് നൽകിയത്.
സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, കസ്റ്റംസിന്റെ ആരോപണം നിഷേധിച്ച് വിനോദിനി രംഗത്തെത്തിയിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും തനിക്ക് ആരും ഫോണ്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് വിനോദിനി പരാതി നൽകിയത്.
ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്ത് എത്തിയിരുന്നു. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി പറയുന്നത്. അതേസമയം താൻ സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഐ ഫോൺ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിനോദിനി ബാലകൃഷ്ണൻ വ്യക്തമാക്കി.