കേരളം
മണ്ഡലപൂജ: ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്, 15 മണിക്കൂറോളം നീണ്ട് ക്യൂ
മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 64000 പേരെയാണ് കടത്തിവിടുക. മണ്ഡലപൂജ ദിവസമായ നാളെ 70000 പേരെ മാത്രം കടത്തിവിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് ശേഷം നിലയ്ക്കലില്‍ നിന്ന് ഒരു വാഹനം പോലും പമ്പയിലേക്ക് കടത്തിവിടേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.
തങ്ക അങ്കി ഘോഷയാത്ര വരുന്നതാണ് ഈ നിയന്ത്രണത്തിനുള്ള പ്രധാനകാരണം.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കും കടത്തിവിടാതെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് ശബരിപീഠം മുതല്‍ സന്നിധാനം വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായാണ് ഭക്തരെ ശബരിപീഠത്തില്‍ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്.