കേരളം
കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ആക്രമണ ലക്ഷ്യം മോഷണമെന്ന് സംശയം; കാറുമായി കടന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം, ആഭരണങ്ങളും കാണാതായി
താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷീബയുടെ വാഗണ്‍ ആര് കാറും മോഷണം പോയിട്ടുണ്ട്. ഷീബയ്ക്കും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
താഴത്തങ്ങാടി പാറപ്പുറത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബയുമാണ് ആക്രമണത്തിന് ഇരയായത്. ഷീബ കൊല്ലപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഹമ്മദ് സാലിയുടെ മൊഴി ലഭിച്ചാല്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഇന്നലെ രാവിലെ 10 മണിയോടെ ഇവരുടെ വാഗണ്‍ ആര് കാര്‍ വീടിനു പുറത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഈ കാറുമായി കടന്നവരാണ് അക്രമികള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. രാവിഃലെ 9 മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീടിനു പുറത്തുകിടന്ന വാഗണ്‍ ആര് കാറാണ് കാണാതായത്.
കുമരകം ഭാഗത്തേക്ക് പോയ കാര്‍ എറണാകുളത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു